ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് 2024-ലെ ബുക്കർ പുരസ്കാരം. ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലൂടെയാണ് സാമന്തയെ തേടി പുരസ്കാരം എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവൽ പറയുന്നത്. 50,000 പൗണ്ട് (ഏകദേശം 53,78,190 രൂപ) ആണ് അവാർഡ് തുക.
മുറിവേറ്റ ലോകത്തെക്കുറിച്ചുള്ള പുസ്തകമെന്നാണ് ജൂറിയായ എഡ്മണ്ട് ഡി വാല്‍ ഓര്‍ബിറ്റലിനെ വിശേഷിപ്പിച്ചത്. വിധികര്‍ത്താക്കള്‍ ഓര്‍ബിറ്റലിന്റെ എഴുത്തിന്റെ ഭംഗി തിരിച്ചറിയുകയും ഹാര്‍വേയുടെ ഭാഷയെ പ്രശംസിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടിഷ് ഇന്ത്യൻ സംഗീതജ്ഞൻ നിതിൻ സാവ്‌നി, എഴുത്തുകാരി സാറ കോളിൻസ്, ഫിക്ഷൻ എഡിറ്റർ ജസ്റ്റിൻ ജോർദാൻ, ചൈനീസ് അമെരിക്കൻ എഴുത്തുകാരൻ യിയുൻ ലീ എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്.
‘വില്‍റ്റ്‌ഷെയറിലെ ഒരു ഡെസ്‌കിലിരുന്ന് ഒരു സ്ത്രീ ബഹിരാകാശത്തെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ ആരെങ്കിലും തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ഈ പുസ്തകം എഴുതുമ്പോള്‍ ആലോചിച്ചിരുന്നു’, ഹാര്‍വേ പറഞ്ഞു. പുരസ്‌കാരം ലഭിച്ചതില്‍ ഞെട്ടലും സന്തോഷവുമുണ്ടെന്നും ഈ പുരസ്‌കാരം തന്റെ ജീവിതം മാറ്റിമറിക്കുമെന്നും ഹാര്‍വേ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. 136 പേജുള്ള ഓര്‍ബിറ്റല്‍ ഹാര്‍വേയുടെ അഞ്ചാമത്തെ നോവലാണ്.
ആൻ മൈക്കൽസ് എഴുതിയ ഹെൽഡ്, റേച്ചൽ കുഷ്നറുടെ ക്രിയേഷൻ ലെയ്ക്ക്, പേഴ്സിവൽ എവെറെറ്റ് എഴുതിയ ജെയിംസ് എന്നിവയെ പിന്തള്ളിയാണ് ഓർബിറ്റൽ പുരസ്കാരം സ്വന്തമാക്കിയത്.