ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരെ കര്‍ശനമായി ഉപദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള നിര്‍ദേശം ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ലെബനാന്‍ വിടാനും ഇന്ത്യാക്കാര്‍ക്ക് നിര്‍ദേശമുണ്ട്. ഇസ്രായേൽ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ ഇന്നലെ നിര്‍ത്തിവച്ചു.
അടിയന്തര സാഹചര്യത്തില്‍ എംബസ്സിയിലെ 24*7 ഹെല്‍പ്ലൈനുമായി ബന്ധപ്പെടാം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നും എംബസി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമായി വന്നാല്‍ +972-547520711, +972-543278392 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
ഹമാസ് രാഷ്ട്രീയകാര്യ തലവനും പലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതി ഗതികൾ വഷളായിരുന്നു. തങ്ങളുടെ രാജ്യതലസ്ഥാനത്ത് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുന്ന ഇറാന്റെ കടമയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച പറഞ്ഞു. ‘കഠിനമായ ശിക്ഷ’ ലഭിക്കേണ്ട തെറ്റാണ് ഇസ്രയേല്‍ ചെയ്തിരിക്കുന്നത് എന്നാണു അലി ഖമേനി പറഞ്ഞത്. അതേ സമയം പ്രതിരോധപരവും ആക്രമണാത്മകവുമായ ഏത് സാഹചര്യത്തെയും നേരിടാന്‍ ഇസ്രായേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.