എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിഷ്‌കോവ

എഴിപത്തിയൊന്നാം ലോകസുന്ദരിയായി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിഷ്‌കോവ. ശനിയാഴ്ച മുംബൈയിൽ നടന്ന മിസ് വേൾഡ് 2024 സൗന്ദര്യമത്സരത്തില്‍ ക്രിസ്റ്റിന പിസ്‌കോവ കിരീടം നേടി. മിസ് ലെബനൻ യാസ്മിന സെയ്‌ടൂൺ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പോളണ്ടിൽ നിന്നുള്ള ലോകസുന്ദരി കരോലിന ബിലാവ്‌സ്ക ഫൈനലിൽ വിജയിയായ ക്രിസ്റ്റിന പിസ്‌കോവയ്ക്ക് കിരീടമണിയിച്ചു

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് മത്സരങ്ങൾ നടന്നത്. 28 വർഷത്തെ ഇളവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരങ്ങൾ ഇന്ത്യയിൽ നടന്നത്. നിയമത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഡിഗ്രി പഠനം നടത്തുന്ന ക്രിസ്റ്റീന ഒരു മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസരംഗത്താണ് പിസ്കോ ഫൗണ്ടേഷൻ കൂടുതലായി ശ്രദ്ധിക്കുന്നത്. ടാൻസാനിയയിലെ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഫൗണ്ടേഷൻ ചെയ്തു നൽകുന്നുണ്ട്. ഇംഗ്ലീഷ്, പോളിഷ്, സ്ലോവാക്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള ക്രിസ്റ്റീന വിദ്യാഭ്യാസത്തിലൂടെയുള്ള സുസ്ഥിര വികസനത്തിൻ്റെ വക്താവാണ്.

ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും മുൻ ലോകസുന്ദരി മേഗൻ യംഗും പരിപാടി ഹോസ്റ്റ് ചെയ്തു. ഗായകരായ ഷാൻ, നേഹ കക്കർ, ടോണി കക്കർ എന്നിവരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട ടാഗ്‌ലൈനായ ‘ബ്യൂട്ടി വിത്ത് പര്‍പ്പസ്’ എന്നതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രിയങ്ക ചോപ്രയുടെ വീഡിയോ സന്ദേശവും ഫൈനലില്‍ പ്ലേ ചെയ്തു.

ഇന്ത്യയെ പ്രതിനിധീകരിച്ച് 22 കാരിയായ സിനി ഷെട്ടിയാണ് ലോക സുന്ദരി മത്സരത്തിന് എത്തിയത്. 2022-ൽ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയ മുംബൈയിൽ ജനിച്ച ഷെട്ടിക്ക് മത്സരത്തിലെ ആദ്യ നാലില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഇന്ത്യ ആറ് തവണ ലോകസൗന്ദര്യ കിരീടം നേടിയിട്ടുണ്ട്. റീത്ത ഫാരിയ പവൽ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര ജോനാസ് (2000), മാനുഷി ചില്ലർ (2017) എന്നിവരാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.