രൂക്ഷമായ ഇന്ധനവിലവർധനയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം അക്രമാസക്തമായതോടെ കസാഖ്‌സ്ഥാനിൽ പ്രസിഡന്റ് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് സർക്കാർ രാജി വച്ചിരുന്നു. രാജി അംഗീകരിച്ചതായി അറിയിച്ച പ്രസിഡന്റ് കാസിം ജോമാർട് ടൊകയേവ് ഉപപ്രധാനമന്ത്രി അലിഖാൻ സ്മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. പുതിയ സർക്കാർ നിലവിൽ വരുംവരെ പഴയ മന്ത്രിമാർ ചുമതലയിൽ തുടരും. രാജ്യത്ത് കുറഞ്ഞ ഇന്ധനവില പുനഃസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിഷേധം ശക്തമായി തുടരുന്ന അൽമാറ്റിയിലും പടിഞ്ഞാറൻ പ്രവിശ്യ മങ്കിസ്‌റ്റോയിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ രാത്രി കർഫ്യുവുണ്ടാകും. കൂടിച്ചേരലുകളും നിരോധിച്ചു.
പ്രക്ഷോഭകർ സർക്കാർ കെട്ടിടങ്ങൾ അക്രമിക്കുകയും അഗ്നിക്കിരയാക്കിയതും ചെയ്തതോടെ രാജ്യതലസ്ഥാനത്തും പ്രധാന നഗരങ്ങളിലും പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ജനവികാരം മനസിലാക്കിയ പ്രസിഡന്‍റ് വീണ്ടും വില നിയന്ത്രണം ഏർപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. അസ്കർ മാമിൻ സർക്കാരിന്‍റെ രാജി സ്വീകരിച്ച പ്രസിഡന്‍റ് അലിഖാൻ സ്മെയ്സലോവിനെ താൽക്കാലിക പ്രധാനമന്ത്രിയായി നിയോഗിക്കുകയും ചെയ്തു.
അൽമാട്ടിയിൽ ബാങ്കുകളും ഹോട്ടലുകളും അക്രമിക്കപ്പെട്ടതോടെ പോലീസ് ടിയർ ഗ്യാസ്, ഗ്രനേഡുകളും പ്രക്ഷോഭകാരികൾക്ക് നേരെ പ്രയോഗിച്ചു. അൽമാട്ടിയിലെ മേയറുടെ ഓഫീസിൽ പ്രക്ഷോഭകാരികൾ തീയിട്ടെന്നും റിപ്പോർട്ടുണ്ട്. സർക്കാർ രാജിവെച്ചിട്ടും പ്രക്ഷേഭങ്ങൾക്ക് അയവ് വന്നിട്ടില്ലെന്നാണ് കസാഖ്സ്ഥാനിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. അക്രമസംഭവങ്ങളിൽ നൂറോളം പോലീസുകാർക്ക് പരിക്കേൽക്കുകയും ഇരുന്നൂറോളം പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.