അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേല്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു. താലിബാന്‍ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനിയും മൂന്ന് അംഗരക്ഷകരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിലാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടത്. സംഭവം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായതായും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായുമാണ് അധികൃതര്‍ അറിയിച്ചത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉന്നത നേതാവാണ് ഹഖാനി. അഫ്ഗാനിസ്ഥാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍ ഹഖാനി. താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശസേന പിന്‍വാങ്ങിയതിന് ശേഷമാണ് ഹഖാനി താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ മന്ത്രിയാകുന്നത്.