വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് ജയിലിൽ വച്ച് വിവാഹിതനാവാൻ ബ്രിട്ടന്റെ അനുമതി

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് ജയിലിൽ വച്ച് തന്‍റെ പങ്കാളിയെ വിവാഹം കഴിക്കാൻ ബ്രിട്ടൻ അനുമതി നൽകി. അസാഞ്ചിന്‍റെ പങ്കാളി സ്റ്റെല്ലാ മോറിസുമൊത്തുള്ള വിവാഹത്തിന് ബ്രിട്ടൻ അനുമതി നൽകിയതായി ബ്രിട്ടീഷ് വൃത്തങ്ങൾ അറിയിച്ചു. ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെൽമാർഷ് ജയിലിലാണ് ജൂലിയർ അസാഞ്ചിനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയാർത്ഥിയായിരിക്കെയാണ് അസാഞ്ച് ദക്ഷിണാഫ്രിക്കൻ വംശജയായ അഭിഭാഷക സ്‌റ്റെല്ലയുമായി പ്രണയത്തിലാവുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 2020 ൽ തന്നെ ഇരുവരും വിവാഹത്തിന് അനുമതി ചോദിച്ച് അധികൃതര്‍ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായിരുന്നു അസാഞ്ചിന്റെ ഇടപെടലുകള്‍. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങളോളം ലോകം ചര്‍ച്ച ചെയ്തതാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് മുഖ്യധാര മാധ്യമങ്ങളുള്‍പ്പെടെ അനേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു.2010-2011 കാലയളവില്‍ അമേരിക്കയുടെ ആഭ്യന്തര രഹസ്യമുള്‍പ്പെടെ നിരവധി തന്ത്രപ്രധാനമായ രേഖകളാണ് ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ടത്. 2019 ഏപ്രില്‍ മാസത്തിലാണ് യു.കെ പൊലീസ് ലണ്ടനിലെ ഇക്വഡോര്‍ ഏജന്‍സിയില്‍ നിന്നും അസാഞ്ചിനെ അറസ്റ്റ് ചെയ്യുന്നത്. 2012 മുതല്‍ അദ്ദേഹത്തിന് അഭയം നല്‍കിയത് ഇക്വഡോര്‍ ആയിരുന്നു.

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ്ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകന് ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചെല്‍സി മാനിങ്ങ് ആയിരുന്നു അസാഞ്ചിന് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.