ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ഭരണകൂടങ്ങളോട് നിരന്തര പോരാട്ടം നടത്തുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ സമാധാന നൊബേല്‍ പങ്കിട്ടു

ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ഭരണകൂടങ്ങളോട് നിരന്തര പോരാട്ടം നടത്തുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ സമാധാന നൊബേല്‍ പങ്കിട്ടു. ഫിലിപ്പീൻസ് മാധ്യമപ്രവര്‍ത്തക മരിയ റെസയ്‌ക്കും റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറടോവിനുമാണ്‌ പുരസ്‌കാരം. നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രതിനിധികളാണ്‌ ഇവരെന്ന് പുരസ്കാരനിര്‍ണയ കമ്മിറ്റി അധ്യക്ഷ ബെറിറ്റ്‌ റെയ്‌സ്‌ ആൻഡേഴ്‌സൺ പറഞ്ഞു.

ഫിലിപ്പീൻസിലെ അന്വേഷണാത്മക ഓൺലൈൻ മാധ്യമമായ “റാപ്ളറി’ന്റെ സ്ഥാപകയാണ്‌ മരിയ റെസ. ഫിലിപ്പീൻസ്‌ പ്രസിഡന്റ്‌ റോഡ്രിഗോ ഡ്യുട്ടെർട്ടോയുടെ നയങ്ങളെ വിമർശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ആ​ഗോളശ്രദ്ധനേടി. ഈ വർഷം നൊബേൽ നേടുന്ന ആദ്യ വനിതയാണിവര്‍.2012 ലാണ് റാപ്ലർ ഡോട്ട്കോം എന്ന ഡിജിറ്റല്‍ മാധ്യമസ്ഥാപനം തുടങ്ങിയത്.

റഷ്യയിലെ സ്വതന്ത്ര ദിനപത്രമായ “നൊവായ ഗസറ്റ’യുടെ സ്ഥാപകരിലൊരാളാണ്‌ ദിമിത്രി മുറടോവ്‌. റഷ്യയെക്കുറിച്ചുള്ള വസ്തുതാപരവും സമഗ്രവുമായ റിപ്പോര്‍ട്ടുകള്‍ നൊവായ ഗസറ്റയിലൂടെ അറിയാമെന്ന്‌ നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. റഷ്യൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കും അഴിമതിക്കുമെതിരായ നിലപാടുകൾ ഉറപ്പിക്കുന്ന റിപ്പോർട്ടുകളിലൂടെ നൊവായ ഗസറ്റയും ദിമിത്രി മുറടോവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.