ഓസ്ട്രേലിയയിൽ മലയാളി മന്ത്രി; നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ്

ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് (36) തിരഞ്ഞെടുക്കപ്പെട്ടു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല,സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ ജിൻസണു ലഭിക്കുന്നത്. കൺട്രി ലിബറൽ പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ച ജിൻസൺ, ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രൻ കൂടിയാണ്.

നോർത്തേൺ ടെറിറ്ററിയിലെ 25 അംഗ പാർലമെന്റിൽ 17 സീറ്റുകളിലും വിജയിച്ചാണ് ജിൻസന്റെ കൺട്രി ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്. തുടർച്ചയായി രണ്ട് തവണ മന്ത്രിയായിരുന്ന കെയ്റ്റ് വോർഡനെ പരാജയപ്പെടുത്തിയാണ് പുതുമുഖമായ ജിൻസൺ ചരിത്രത്തിൽ ഇടംപിടിച്ചത്. 9 അംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജൻ എന്ന നേട്ടവും ജിൻസൺ സ്വന്തം പേരിലാക്കി കഴിഞ്ഞു. കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശിയായ ജിൻസൺ 2011ലാണ് നഴ്സിംഗ് ജോലി തേടി ഓസ്ട്രേലിയയിലെത്തിയത്. ന്യൂ സൌത്ത് വെയിൽസ് വാഗവാഗ ബെയ്സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസൺ കരിയറിന് തുടക്കമിട്ടത്.