ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയെ(67) തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിനിടെ വെടിവെച്ചുകൊന്നു. ഞായറാഴ്ചത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായി പടിഞ്ഞാറൻ നഗരമായ നരയില്‍ റെയിൽവേ സ്‌റ്റേഷനു സമീപം പ്രചാരണപരിപാടിയില്‍ പ്രസം​ഗിക്കെയാണ് അരുംകൊല. രണ്ടാം ലോകയുദ്ധത്തിന്‌ ശേഷം ജപ്പാൻ നടുങ്ങിയ രാഷ്ട്രീയ ദുരന്തമാണിത്.

വെള്ളിയാഴ്‌ച ജപ്പാൻ സമയം പകൽ 11.30നായിരുന്നു വെടിവെപ്പ്‌. അബെ പ്രസംഗം തുടങ്ങി നിമിഷങ്ങൾക്കകം തൊട്ടു പിന്നിൽനിന്ന് രണ്ടുതവണ വെടിയുതിര്‍ന്നു. കുഴഞ്ഞുവീണ അബെയ്ക്ക്‌ ഹൃദയാഘാതമുണ്ടായി. ഹെലികോപ്‌റ്ററിൽ നര ആരോഗ്യ സർവകലാശാലയിലേക്ക്‌ മാറ്റി. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ടത്‌ ലോകത്തെ ന‌ടുക്കി.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് ഷിന്‍സോ ആബേ. 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ സ്ഥാനം ഒഴിയുകയായിരുന്നു. ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഇന്ത്യ 2021ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്നു ഷിന്‍സോ ആബേ.

അതെ സമയം ഷിന്‍സോ ആബേയുടെ വിയോഗത്തിലൂടെ ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആബേയുടെ വിയോഗത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തുമെന്നും പറഞ്ഞു.