ജപ്പാനിൽ പുതുവത്സര ദിനത്തിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. മരണപ്പെട്ടവരിൽ 29 പേരും വാജിമ സിറ്റിയിൽ ഉള്ളവരാണ്. സുസുവിലുള്ള 22 പേരും മരിച്ചിട്ടുണ്ട്. നിരവധി പേർക്ക് കാര്യമായ പരുക്കുകൾ പറ്റിയിട്ടുണ്ട്. പരുക്കേറ്റവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ഇതിനു മുൻപും ഭൂകമ്പം ഉണ്ടായിട്ടുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതയുണ്ടായിരുന്നു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീരനഗരമായ സുസുവിലെ ആകെയുള്ള 5000 വീടുകളിൽ 90 ശതമാനവും തകർന്നു. ഇഷിക്കാവ പ്രവിശ്യയിലെ സുസുവിലും വാജിമയിലുമാണ് കൂടുതൽ മരണം നടന്നത്. അതേസമയം, തുടര്‍ചലനങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരമേഖലയിലെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആയിരം സൈനികരെയാണ് ജപ്പാൻ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.ജപ്പാൻ ജനതയ്ക്ക് അടിയന്തരസഹായമെത്തിക്കാൻ യു.എസ്. സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലിനു ശേഷമാണ് ഇഷിക്കാവ തീരത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷിക്കാവ, ഹോന്‍ഷു, ഹൊക്കായ്‌ഡോ ദ്വീപുകളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. അഞ്ചര മീറ്റര്‍ ഉയരത്തില്‍ തിരമാല ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പലയിടത്തും ഒന്നരമീറ്ററോളം ഉയരത്തില്‍ തിരമാലകളെത്തി. ഭൂകമ്പം ഉണ്ടായ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെൊന്നു പുനഃസ്ഥാപിക്കാൻ ആയിട്ടില്ല.