ഒറ്റപ്പെട്ട തുരുത്തായി ഗാസ; ആക്രമണം തുടർന്ന് ഇസ്രായേൽ

ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച തുടര്‍ന്ന ഇസ്രയേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. അതെ സമയം ഗാസയിലെ ബോംബിടൽ അവസാനിപ്പിക്കണമെന്ന പലസ്തീൻ അഭ്യർഥന ഇസ്രയേൽ തള്ളി. ഗാസയിലെ ഇസ്രയേൽ നടപടികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ചേർന്ന പ്രത്യേക പൊതുസഭാ യോഗത്തിലാണ്‌ യുഎന്നിലെ പലസ്തീൻ സ്ഥാനപതി റിയാദ്‌ മൻസൂർ ഇസ്രയേലിന്റെ ആക്രമണം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌. വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു.

ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 70 ശതമാനവും കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഹമാസിനെ നാമാവശേഷമാക്കാതെ ആക്രമണം അവസാനിപ്പിക്കാനാകില്ലെന്ന്‌ ഇസ്രയേൽ സ്ഥാനപതി ഗിലാദ്‌ എർദൻ പ്രഖ്യാപിച്ചു.ഗാസയിൽ കുഞ്ഞുങ്ങളെയുൾപ്പെടെ കൊന്നൊടുക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ചർച്ചയിൽ പങ്കെടുത്ത നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധത്തിൽ ഇസ്രയേലിനൊപ്പം നേരിട്ട്‌ ഇടപെടുകയാണെന്ന്‌ ഇറാൻ വിദേശമന്ത്രി അമിർ അബ്‌ദുള്ളാഹിയൻ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ നടത്തുന്നത്‌ വംശഹത്യയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുസഭയിൽ അറബ്‌ രാജ്യങ്ങളുടെ പ്രതിനിധിയായി ജോർദാൻ അവതരിപ്പിക്കുന്ന പ്രമേയം വോട്ടിനിടും. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ളതാണ്‌ പ്രമേയം.അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്‌. വടക്കൻ മേഖലയിൽനിന്ന്‌ ഇസ്രയേൽ നിർദേശപ്രകാരം തെക്കൻ ഗാസയിലേക്ക്‌ പോയ ജനങ്ങൾ പലരും തിരികെ വന്നുകൊണ്ടിരിക്കുകയാണ്‌. തെക്കൻ മേഖലയിലും ഇസ്രയേൽ റോക്കറ്റ്‌, ബോംബാക്രമണം തുടരുന്നതിനാലാണിത്‌. ഒരിടവും സുരക്ഷിതമല്ലെന്നും എങ്ങോട്ട്‌ തിരിഞ്ഞാലും മരണമാണെന്നും ഗാസയിലെ ജനങ്ങൾ പറയുന്നു.