മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേൽ പോലീസിന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മസ്ജിദിനകത്തേക്ക് ഇസ്രായേൽ പോലീസ് അകാരണമായി സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞെന്നും, പ്രാര്ഥിച്ചിരുന്നവരെ മർദിച്ചെന്നും പരിക്കേറ്റവരിൽ ചിലർ വെളിപ്പെടുത്തി. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതടക്കം 12 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം പരിക്കേറ്റവരെ ചികിൽസിക്കാൻ എത്തിയ ഡോക്ടറെ പള്ളിയിൽ തടഞ്ഞതാണ് റിപ്പോട്ടിൽ പറയുന്നു. ഇസ്രായേൽ പോലീസ് പലസ്തീനികളെ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് പുറത്താക്കുകയും പ്രാർത്ഥിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതായും ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
അതെ സമയം പള്ളിയില്‍ പ്രവേശിച്ച തങ്ങള്‍ക്കു നേരെ ഫലസ്തീനികള്‍ കല്ലെറിഞ്ഞെന്നും അതിനുള്ള മറുപടിയായിരുന്നു വെടിവെപ്പെന്നുമാണ് പൊലിസ് ഭാഷ്യം. മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇസ്രായേൽ പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലിസ് പ്രവേശിച്ചപ്പോള്‍, അവര്‍ക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകര്‍ പള്ളിക്കുള്ളില്‍ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു പൊലിസുകാരന്റെ കാലിന് പരിക്കേറ്റെന്നും പോലീസ് ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലും, ജറുസലേമിലും കഴിഞ്ഞ ഒരു വര്‍ഷമായി അക്രമം വര്‍ധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാല്‍ ഈ മാസം സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.