അൽ -ജസീറയെ നിരോധിക്കാൻ നീക്കവുമായി ഇസ്രായേൽ പാർലമെന്റ്

അൽ ജസീറയെ നിരോധിക്കാനുള്ള നീക്കവുമായി ഇസ്രായേൽ. അൽ ജസീറയുടെ ഒരു റിപ്പോർട്ടർ ഹമാസിന് വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് പുതിയ നീക്കം.ദേശീയ സുരക്ഷക്ക് അപകടകാരമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന് തോന്നുന്ന മാധ്യമ സ്ഥാപനങ്ങളെ താൽക്കാലികമായി നിരോധിക്കുന്നതിന് അനുവാദം നൽകുന്ന ബില്ലിന് ഇസ്രായേലി പാർലമെന്റായ നെസറ്റിൽ നാലിനെതിരെ 25 വോട്ടുകൾക്ക് പാസാക്കി. അൽജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാൽ ‘അൽ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.

അൽ ജസീറയുടെ റിപ്പോർട്ടർ മുഹമ്മദ് വഷാഹ് തീവ്രവാദിയാണെന്ന് ഇസ്രായേലി സൈനിക വക്താവ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി. ‘രാവിലെ അയാൾ അൽ ജസീറ ചാനലിലെ മാധ്യമപ്രവർത്തകനാണ്. വൈകുന്നേരം ഹമാസിലെ തീവ്രവാദിയും’ ! വഷാഹ് ആയുധം ഉപയോഗിക്കുന്നതായി കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ലെഫ്റ്റനന്റ് കേണൽ അവിച്ചേ അഡ്രെ എക്സിൽ പോസ്റ്റ് ചെയ്തു.

സൗദി അറേബ്യയിൽ ഒരു അറബി പത്രമായി ആരംഭിച്ച അൽ ജസീറയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഖത്തറിൽ ദോഹ ആസ്ഥാനമാക്കി 1996ൽ ചാനൽ സംപ്രേക്ഷണം ആരംഭിച്ചതോടെയാണ് അൽ ജസീറയുടെ കുതിപ്പിന് വേഗം കൂടിയത്. ചാനലിന് പിന്തുണ നൽകിയ അന്നത്തെ ഖത്തർ എമീർ അന്നു പറഞ്ഞത് അവർ വാർത്തകൾ അവർ കാണുംപോലെ റിപ്പോർട്ട്‌ ചെയ്യട്ടേ എന്നായിരുന്നു. ഭരണം കയ്യാളുന്ന താനി കുടുംബമാണ് അൽ ജസീറയ്ക്ക് ഫണ്ട് നൽകുന്ന പ്രധാന സ്രോതസ്സ്. അറബി ഭാഷയിൽ നിന്നും പ്രക്ഷേപണം ആരംഭിച്ച ചാനലിന് ഇപ്പോൾ ലോകത്താകെ എൺപതോളം ന്യൂസ് ബ്യൂറോകളുണ്ട്. ലണ്ടൻ,വാഷിങ്ടൺ,ദുബായി എന്നിവിടങ്ങളിലും ചാനൽ സജീവമായി പ്രവർത്തിക്കുന്നു.