വെടിനിര്‍ത്തല്‍ കരാര്‍: ഗാസയില്‍ നിന്നും ഇസ്രയേല്‍ സേന പിന്‍മാറ്റം തുടങ്ങി

ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ​ഗാസയുടെ നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രയേൽ. സംഘർഷ കാലത്ത് വടക്കൻ- തെക്കൻ ​ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് ഇസ്രയേൽ സൈന്യം തമ്പടിച്ചിരുന്നത്. വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് നെറ്റ്സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രയേല്‍ സൈന്യം പലസ്തീനികളെ അനുവദിച്ചിരുന്നു. ഇതിന് ശേഷം യുദ്ധബാധിത മേഖലയായ വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. പരിശോധനകളില്ലാതെയാണ് ഇവരെ കടത്തിവിടുന്നത്.

ജനുവരി 19നാണ് ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാറിന് ഒപ്പുവെക്കുന്നത്. ഈ കരാർ അനുസരിച്ച് ഇതുവരെ 21 ഇസ്രയേലി ബന്ധികളേയും 566 പലസ്തീൻ തടവുകാരേയും ഇതുവരെ മോചിപ്പിച്ചിട്ടുണ്ട്. അതെ സമയം നെറ്റ്സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുണ്ടെങ്കിലും ഇസ്രയേലുമായും ഈജിപ്തുമായുള്ള ഗാസയിലെ അതിര്‍ത്തി മേഖലയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്. അതെ സമയം ഗാസയില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കുന്നത് ഭാവിയില്‍ ചര്‍ച്ചയായേക്കും.