വെടിനിർത്തൽ കരാർ തള്ളി ഇസ്രയേൽ; റാഫയിൽ ശക്തമായ ആക്രമണം

വെടിനിർത്തൽ ചർച്ചകൾ കാറ്റിൽപ്പറത്തി ​ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. റാഫയിലുടനീളം സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആറ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 23 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. റാഫ അതിർത്തി പിടിച്ചെടുത്ത ഇസ്രയേൽ സേന കിഴക്കൻ റഫയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആളുകളിൽ സമ്മർദം തുടരുകയാണ്. 

നഗരത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് 100,000 പലസ്തീനികളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം കിഴക്കൻ റഫയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്. 1.4 മില്യൺ പലസ്തീൻ സിവിലിയന്മാർ അഭയം പ്രാപിക്കുന്ന റഫയിൽ ഹമാസിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുകയാണെന്ന് തിങ്കളാഴ്ച വൈകി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് അം​ഗീകരിച്ച കരാർ ഈജിപ്ഷ്യൻ പതിപ്പാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കുന്നതല്ലെന്നും ​ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. എങ്കിലും ചർച്ചകൾക്കായി ഒരു പ്രതിനിധിസംഘത്തെ കെയ്‌റോയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മറ്റ് പാശ്ചാത്യ ഉദ്യോഗസ്ഥരും ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിട്ടും, ഗാസയിലെ ഹമാസിൻ്റെ അവസാന ശക്തികേന്ദ്രമായ റഫയിൽ സൈനിക ആക്രമണം നടത്താൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.