ജുഡീഷ്യറിയുടെ അധികാരപരിധിയെ അട്ടിമറിക്കാൻ നെതന്യാഹു സർക്കാർ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി

നെതന്യാഹു സർക്കാർ പാസ്സാക്കിയ ഹൈക്കോടതിയുടെ അധികാരങ്ങൾ മറികടക്കുന്ന വിവാദ നിയമം റദ്ദാക്കി ഇസ്രായേൽ സുപ്രീം കോടതി. ഇസ്രയേലിന്റെ ജനാധിപത്യ സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. ഗാസയ്ക്കെതിരായ സൈനിക നീക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന നെതന്യാഹുവിന്റെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സർക്കാരിന്റെയും, മന്ത്രിമാരുടെയും തീരുമാനങ്ങൾ (അത് യുക്തിരഹിതമാണെങ്കിൽ പോലും) റദ്ദാക്കാനുള്ള കോടതിയുടെ അധികാരം എടുത്തിട്ടു കളയുന്നതായിരുന്നു നിയമം.

ഏഴുമാസത്തെ സംവാദത്തിന് ശേഷമായിരുന്നു 2023 ജൂലൈയില്‍, സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിയെ അനുവദിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞ് ഇസ്രയേലി പാർലമെന്റ് നിയമം പാസാക്കിയത്. 15 -ൽ 8 – ജഡ്ജിമാരും നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി സുപ്രീം കോടതി അറിയിച്ചു. അതെ സമയം നിയമം അവതരിപ്പിച്ച നീതിന്യായ മന്ത്രി യാരിവ് ലെനിൻ കോടതി വിധിക്കെതിരെ രംഗത്ത് വന്നു. യുദ്ധമുഖത്ത് സൈനികരുടെ വിജയത്തിന് ആവശ്യമായ ഐക്യത്തിന് വിരുദ്ധമാണ് വിധി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ആക്ടിറ്റിവിസ്റ്റ് ഗൗർപ് കപ്ലാൻ ഫോഴ്സ്, വിധി ഇസ്രയേലി പൗരന്മാരുടെ വിജയമാണെന്നാണ് പ്രതികരിച്ചത്.

ജുഡീഷ്യറിയുടെ അധികാരങ്ങൾക്ക് മുകളിൽ പാർലമെന്റിന് മേൽക്കൈ നൽകുന്ന നിയമം നടപ്പിലാക്കുന്നതിനെതിരെ ഇസ്രയേലിൽ 12 ആഴ്ചകളായി കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് നിയമനിർമാണം നടത്തുന്നത് മാറ്റിവയ്ക്കുന്നതായി നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു.