‘സഖ്യ സര്‍ക്കാരിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്ന പക്ഷം സര്‍ക്കാര്‍ തകരും’; ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

സഖ്യ സര്‍ക്കാരിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കുന്ന പക്ഷം സര്‍ക്കാര്‍ തകരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. സര്‍ക്കാറിന്റെ തകര്‍ച്ച തടയാന്‍ ഇനി ഒന്നോ രണ്ടോ ആഴ്ച മാത്രമേ ഇസ്രായേൽ ഗവണ്‍മെന്റിന്റെ മുന്നിലുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഖ്യ സര്‍ക്കാരിന് വീണ്ടും ഒരംഗത്തിന്റെ കൂടി പിന്തുണ നഷ്ടപ്പെട്ടതോടെയാണ് ബെന്നറ്റ് വിഷയത്തില്‍ പ്രതികരിച്ചത്.

ബെന്നറ്റിന്റെ തന്നെ പാര്‍ട്ടിയായ യമിനയിലെ (Yamina) അംഗം നിര്‍ ഒര്‍ബാകാണ് (Nir Orbach) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ‘ഇത്രയും ദുര്‍ബലമായ സഖ്യ സര്‍ക്കാരിന് വേണ്ടി ഒപ്പം വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ചു,’ എന്നായിരുന്നു നിര്‍ ഒര്‍ബാക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

സഖ്യ സര്‍ക്കാര്‍ ഒരു വര്‍ഷം തികക്കുന്ന ഘട്ടത്തിലാണ് ബെന്നറ്റിന് മുന്നില്‍ രാഷ്ട്രീയ പരീക്ഷണമെത്തിയിരിക്കുന്നത്. ”സഖ്യ സര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് മുന്നിലുള്ളത് ഒന്നോ രണ്ടോ ആഴ്ചയാണ്. അത് മറികടന്നാല്‍ എന്തൊക്കെ നന്മയാണോ ചെയ്തുകൊണ്ടിരിക്കുന്നത് അത് നമ്മള്‍ക്ക് കുറേ കാലത്തേക്ക് ചെയ്യാം. എന്നാല്‍ നമ്മള്‍ ഇതില്‍ വിജയിച്ചില്ലെങ്കില്‍ പിന്നെ ഭരണത്തില്‍ തുടരാനാകില്ല,” ഇസ്രഈലി പാര്‍ലമെന്റായ നെസറ്റിലെ (Knesset) പ്രത്യേക സെഷനില്‍ വെച്ച് ബെന്നറ്റ് പറഞ്ഞു.

നേരത്തെ, ഏപ്രിലില്‍ യമിനയില്‍ നിന്നുള്ള എം.പി ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്‌ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രായേൽ ഭരിക്കുന്നത്. 2021 ജൂണിലായിരുന്നു ബെന്നറ്റ് സര്‍ക്കാര്‍ ഇസ്രായേലിൽ അധികാരത്തിലേറിയത്.