ലെബനിൽ വീണ്ടും ഇസ്രയേൽ ആക്രമണം;100 പേർ കൊല്ലപ്പെട്ടു, 400 പേർക്ക് പരിക്ക്

ലെബനനിലെ പേജർ-വാക്കിടോക്കി സ്ഫോടനത്തിനുപിന്നാലെ ഇസ്രയേലും സായുധസംഘമായ ഹിസ്ബുള്ളയും ആക്രമണ-പ്രത്യാക്രമണങ്ങൾ ശക്തമാക്കിയതോടെ, പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. ലെബനനിലേക്ക് വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയതായി ബി ബി സി റിപ്പോട്ട് ചെയ്യുന്നു. ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ നടന്ന ആക്രമണത്തിലാണ് നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.

ലെബനനിലെ 300 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ കോളുകള്‍ ലഭിച്ചതായി ലെബനീസ് ടെലികോം ഓപ്പറേറ്റര്‍ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. അതെ സമയം സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്‌മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. ലെബനനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവയ്ക്കൊഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ചൈന പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.