റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ

റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല്‍ ആക്രമത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ടാല്‍ അസ്-സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ ലഭിച്ചതെന്നും പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങൾ കണ്ടുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിഅവസ്ഥയിലായിരുന്നെന്നും ടെല്‍ അല്‍ സുല്‍ത്താന്റെ സമീപത്ത് താമസിക്കുന്ന മുഹമ്മദ് അബുഅസ്സ ദാരുണ സംഭവത്തെ വിവരിക്കുന്നു.

അഭയാർത്ഥി ക്യാമ്പുകൾ പോലും വെറുതെ വിടാത്ത ഇസ്രയേലിന്റെ നടപടിക്കെതിരെ ലോക രാജ്യങ്ങൾ രംഗത്ത് വന്നു. പിഴവുകൾ എന്ന പേരിൽ സ്ത്രീകളെയും കുട്ടികളെയും അഭയാർത്ഥി ക്യാമ്പുകളിൽ പോലും കൊന്നൊടുക്കുന്നത് വംശഹത്യ ലക്ഷ്യം വെച്ചുള്ള മനപൂർവ്വമായ നടപടിയാണെന്ന് അമേരിക്കൻ കോൺഗ്രസിലെ പലസ്തീൻ അംഗം റാഷിദ തിലെയ്ബ് പ്രതികരിച്ചു. ഇസ്രായേൽ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും, പലസ്തീന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കണം എന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

അതെ സമയം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണം തെറ്റായിരുന്നെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ദാരുണമായ തെറ്റ് സംഭവിച്ചുവെന്ന് വ്യക്തമാക്കി നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.