ഖാൻ യൂനിസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 71 മരണം, കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അല്‍ മവാസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 71 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ കുട്ടികളെയും ആരോഗ്യപ്രവര്‍ത്തകരെയും അവശിഷ്ടങ്ങളില്‍നിന്ന് രക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഉപയോഗിച്ചാണ് ഇന്ന് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരുക്കേറ്റവരെ നാസര്‍, കൂവൈത്തി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 38,345 പലസ്തീൻകാർ കൊല്ലപ്പെട്ടു. 88,295 പേർക്കു പരുക്കേറ്റു. ഒരാഴ്ചയിലേറെ നീണ്ട രൂക്ഷമായ ആക്രമണങ്ങൾക്കുശേഷം ഗാസ സിറ്റിയിലെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ പിൻവാങ്ങിയിരുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങൾ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുകയാണ്. ഖാൻ യൂനിസിൽ, യുകെ ആസ്ഥാനമായ സന്നദ്ധ സംഘടന അൽ ഖയറിന്റെ 4 പ്രവർത്തകർ ഇസ്രയേൽ വെടിവയ്പിൽ കൊല്ലപെട്ടിരുന്നു.

ഇസ്രായേൽ ആക്രമണം പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ജനങ്ങള്‍ക്കെതിരായ വംശഹത്യയുടെയും ഹീനമായ കൂട്ടക്കൊലയുടെയും തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്നെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകളോട് ഉടന്‍ തന്നെ വന്‍ പ്രകടനങ്ങളുമായി ചത്വരങ്ങളിലേക്ക് ഇറങ്ങാന്‍ ഹമാസ് ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ ഗാസയെ പിന്തുണയ്ക്കാനും ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടാനും സംഘടന ആഹ്വാനം ചെയ്തു.