അന്താരാഷ്‌ട്ര മാധ്യമമായ അൽജസീറയെ നിരോധിക്കുന്നതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി ഇസ്രയേൽ. പാർലമെന്റില്‍ 70-10 വോട്ടുനിലയിലാണ് നിയമം പാസായത്. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്‌പിയും ഉദ്ധരിച്ചു കൊണ്ട് അൽ ജസീറ തന്നെയാണ് നിരോധന നീക്കം റിപ്പോർട്ട് ചെയ്‌തത്. അൽജസീറ ‘ഭീകര ചാനൽ’ ആണെന്നും ഇസ്രായേലിൽ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയമം പാസ്സാക്കിയ ശേഷം പറഞ്ഞു. എത്രയും പെട്ടന്ന് തന്നെ അൽ ജസീറ അടച്ചു പൂട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ നിയമത്തിൽ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സർക്കാരിന് നല്‍കുന്നുണ്ട്.
അൽ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയിൽ സജീവമായി പങ്കുവഹിച്ചെന്നും ഇസ്രായേൽ സൈനികർക്കെതിരെ വെറുപ്പ് പരത്തിയെന്നും നെതന്യാഹു എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ദേശീയ സുരക്ഷക്ക് അപകടകാരമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന് തോന്നുന്ന മാധ്യമ സ്ഥാപനങ്ങളെ താൽക്കാലികമായി നിരോധിക്കുന്നതിന് അനുവാദം നൽകുന്ന ബില്ലിന് ഇസ്രായേലി പാർലമെന്റായ നെസറ്റ് നേരത്തെ പാസ്സാക്കിയിരുന്നു.അൽജസീറയെ പ്രത്യേകം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം എന്നതിനാൽ ‘അൽ ജസീറ നിയമം’ എന്നാണ് ഇതിനെ പ്രദേശികമായി വിളിക്കുന്നത്.
സൗദി അറേബ്യയിൽ ഒരു അറബി പത്രമായി ആരംഭിച്ച അൽ ജസീറയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഖത്തറിൽ ദോഹ ആസ്ഥാനമാക്കി 1996ൽ ചാനൽ സംപ്രേക്ഷണം ആരംഭിച്ചതോടെയാണ് അൽ ജസീറയുടെ കുതിപ്പിന് വേഗം കൂടിയത്. ചാനലിന് പിന്തുണ നൽകിയ അന്നത്തെ ഖത്തർ എമീർ അന്നു പറഞ്ഞത് അവർ വാർത്തകൾ അവർ കാണുംപോലെ റിപ്പോർട്ട് ചെയ്യട്ടേ എന്നായിരുന്നു. ഭരണം കയ്യാളുന്ന താനി കുടുംബമാണ് അൽ ജസീറയ്ക്ക് ഫണ്ട് നൽകുന്ന പ്രധാന സ്രോതസ്സ്. അറബി ഭാഷയിൽ നിന്നും പ്രക്ഷേപണം ആരംഭിച്ച ചാനലിന് ഇപ്പോൾ ലോകത്താകെ എൺപതോളം ന്യൂസ് ബ്യൂറോകളുണ്ട്. ലണ്ടൻ,വാഷിങ്ടൺ,ദുബായി എന്നിവിടങ്ങളിലും ചാനൽ സജീവമായി പ്രവർത്തിക്കുന്നു.