ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഔദ്യോഗിക വസതിയിലേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സർക്കാർ ഓഫീസുകളും ഒട്ടേറെ വിദേശ നയതന്ത്രകാര്യാലയങ്ങളും ഉൾപ്പെടുന്ന ഗ്രീൻ സോണിലാണ് ഖാദിമിയുടെ വസതി. കെട്ടിടത്തിന്റെ ഭാഗങ്ങൾക്കും വാഹനത്തിനും കേടുപാടുണ്ടായി. രഹസ്യാന്വേഷണറിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്നും പ്രാഥമികാന്വേഷണത്തിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മുൻ രഹസ്യാന്വേഷണവിഭാഗം തലവനായിരുന്ന ഖാദിമി, കഴിഞ്ഞവർഷം മേയിലാണ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. അട്ടിമറിശ്രമങ്ങളും കലാപങ്ങളും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ബർഹാം സലേ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. താൻ സുപക്ഷിതമാണെന്നും പരുക്കുകള്‍ ഒന്നുമില്ലെമെന്നും ഖാദിമി ട്വീറ്റ് ചെയ്തിരുന്നു. ഇറാഖിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വധശ്രമം.