ആർക്കും ഭൂരിപക്ഷമില്ല; ഇറാനിൽ രണ്ടാം വട്ടവും പ്രസിഡന്റ് തെരഞ്ഞെടുപ്പ്

ആദ്യവട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ടാംവട്ടം വേട്ടെടുപ്പ് നടക്കും. ഇറാനിയൻ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർത്ഥിക്ക് 50ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കണം. 39.9 ശതമാനം വോട്ട് മാത്രം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 2,45,00,000 വോട്ടുകളിൽ പെസെഷ്‌ക്യന് 1,04,00,000  ലഭിച്ചപ്പോൾ ജലീലിക്ക് 94,00,000 വോട്ടുകൾ ലഭിച്ചു. പാർലമെൻ്റ് സ്പീക്കർ മൊഹമ്മദ്‌ ബാഗേർ
ഗലിബാഫിന് 33,00,000 വോട്ട് ലഭിച്ചു. പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ 2025ൽ നടത്തേണ്ട തെരഞ്ഞെടുപ്പ്‌ നേരത്തേയാക്കിയത്‌.

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിന് പിന്നാലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു. നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള്‍ പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയെന്നതാണ് ആദ്യ നടപടിക്രമം. ഇതനുസരിച്ചായിരുന്നു മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡൻ്റായത്. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

നേരത്തെ പ്രമുഖരായ പലരും പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ യോഗ്യരല്ലെന്ന് ഗാർഡിയൻ കൗൺസിൽ കണ്ടെത്തിയിരുന്നു. മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ്, മൂന്ന് തവണ പാർലമെൻ്റ് സ്പീക്കറായിരുന്ന അലി ലാരിജാനി, മുൻ പ്രസിഡൻ്റ് ഹസൻ റൂഹാനിയുടെ ആദ്യ വൈസ് പ്രസിഡൻ്റായിരുന്ന ഇഷാഖ് ജഹാംഗിരി, പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തനായ വഹിദ് ഹഗാനിയൻ, റോഡ്, നഗരവികസന മന്ത്രി മെഹർദാദ് ബസർപാഷും തുടങ്ങിയവർ സ്ഥാനാർത്ഥികളാകാൻ യോഗ്യരല്ലെന്ന് കണ്ടെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരുടെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടതെന്ന് ഗാർഡിയൻ കൗൺസിൽ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.