ഹിജാബ് ഒഴിവാക്കി സ്ലീവ്‌ലെസ് ധരിച്ച് സംഗീതപരിപാടി; ഇറാനില്‍ യുവതിക്കെതിരെ നടപടിയെടുത്ത് കോടതി

ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിയൻ ​ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തു. മസന്ദരൻ പ്രവിശ്യയുടെ തലസ്ഥാനമായ സാരി സിറ്റിയിൽ പരിപാടി അവതരിപ്പിക്കുകയായിരുന്നു പരസ്തൂ അഹ്മദി. കോൺസേർട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെ ​ഗായികയ്ക്കെതിരെ വ്യാഴാഴ്ച കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ബുധനാഴ്ചയാണ് പരസ്തൂ അഹ്‌മദി സംഗീത പരിപാടി സ്ട്രീം ചെയ്തത്. പരസ്തൂ അഹ്മദിക്ക് യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

ഹിജാബ് ധരിക്കതെ കറുത്ത നിറത്തിലുള്ള സ്ലീവ് ലെസ് വസ്ത്രം ധരിച്ച് നാല് പുരുഷ സംഗീതജ്ഞർക്കൊപ്പം പരിപാടി അവതരിപ്പിച്ചുവെന്ന പേരിലാണ് പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം പുരുഷ സംഗീതജ്ഞരായ സൊഹൈൽ ഫഗിഹ് നസിരി, എഹ്‌സാൻ ബെയ്‌രാഗ്ദർ എന്നിവരും അറസ്റ്റിലായി.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഡ്രസ് കോഡ് ലംഘിച്ചതിനെ ‘നിയമപരവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനം’ എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. കോടതി ഇടപെട്ട് ഗായികയ്ക്കും പ്രൊഡക്ഷന്‍ സ്റ്റാഫിനുമെതിരെ നിയമനടപടി സ്വീകരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നിയമപ്രകാരം ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയിരുന്നു. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കണമെന്നും തങ്ങളുമായി ബന്ധമില്ലാത്ത പുരുഷൻമാർക്ക് മുന്നിൽ ഹിജാബ് ധരിക്കാതെ പ്രത്യക്ഷപ്പെടരുതെന്നുമാണ് ഇറാനിയൻ നിയമം.