ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചു. 16 ഇന്ത്യക്കാരുൾപ്പെടെ 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാൻ അറിയിച്ചു. വയനാട് സ്വദേശി പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്ന മലയാളികള്‍. ഇതിലൊരാളായ ആൻ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഏപ്രിൽ 14-നാണ് 17 ഇന്ത്യൻ ജീവനക്കാരുള്ള ഇസ്രയേൽ ചരക്കുകപ്പലായ എം.എസ്.സി. ഏരീസ് ഇറാൻ പിടിച്ചെടുത്തത്. ഫുജൈറയ്ക്ക് സമീപത്തുവെച്ച് ഹെലികോപ്ടറിലൂടെ കപ്പലിനു മുകളിലേക്ക് കമാൻഡോകളെ ഇറക്കി നാടകീയമായാണ് കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി.

കപ്പലിൽ തടവിലുള്ളവർക്ക് കോൺസുലർ ആക്‌സസ് നൽകുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്‌ക്കുമെന്നും ആൻ ടെസയെ വിട്ടയച്ചതിനു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.