ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ അന്താരാഷ്ട്രമാധ്യമങ്ങളുടെ വാർത്തകൾ തള്ളി ഇസ്രയേൽ. റെയ്‌സിയുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ ഇന്ന് വ്യക്തമാക്കി. ഇസ്രയേലിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു, ഈ പശ്ചാത്തലത്തിൽ ആണ് ഇസ്രയേലിന്റേതായി ഔദ്യോഗിക വക്താവിനെ ഉദ്ദരിച്ച് പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടയിലാണ് ദുരന്തമുണ്ടായിരിക്കുന്നത് . ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പിന്നാലെ ഇന്ന്, ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുര്‍ഘടമായതിനെ തുടര്‍ന്ന് തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ഇറാന്‍ 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം പുറത്ത് വന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഏറ്റവും അടുത്ത സഹചാരികളിൽ ഒരാളായിരുന്നു കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇറാൻ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലത്താണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ റെയ്‌സി അധികാരമേൽക്കുന്നത്. മതപണ്ഡിതനിൽ നിന്നാണ് ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇബ്രാഹിം റെയ്‌സി എത്തുന്നത്. ഇറാനിലെ പ്രബല മുസ്ലിം വിഭാഗമായ ഷിയ പാരമ്പര്യത്തിൽനിന്നുള്ള ആളാണ് റെയ്‌സി.