ഇസ്രായേലിൽ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു.

മിസൈല്‍ ആക്രമണത്തിൽ നിരവധി പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മിസൈൽ പതിച്ച് വലിയ രീതിയിലുള്ള ആള്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു.ആദ്യഘട്ടത്തിൽ നൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിനെ (ഐആർജിസി) ഉദ്ധരിച്ചുകൊണ്ട് ഐആർഎൻഎ ന്യൂസ് ഏജൻസ് റിപ്പോർട്ട് ചെയ്തു. ഇസ്മയില്‍ ഹനിയ, ഹസൻ നസറുള്ള എന്നിവരുടെ രക്താസക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആർജിസി വ്യക്തമാക്കി.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേര്‍ന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തിര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാൻ അമേരിക്കൻ നടപടികൾ ചർച്ച ചെയ്തു. ഇസ്രായേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.