ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

ഇസ്രായേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഫിഫ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്. വെള്ളിയാഴ്ച തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന ഫിഫയുടെ 74 -ആം വാര്‍ഷിക കോണ്‍ഗ്രസ് മീറ്റിങ്ങില്‍ നിന്നാണ് ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലികിന്റെ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് ഇറങ്ങിപ്പോയത്. ‘സയണിസ്റ്റ് ഭരണകൂടത്തെ എതിര്‍ക്കുന്നതിനാല്‍ ഞങ്ങള്‍ കോണ്‍ഗ്രസ് ഹാള്‍ വിട്ടു. സയണിസ്റ്റ് ഭരണകൂടത്തെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരോധിക്കണമെന്നാണ് എന്റെ ആവശ്യം. ദശലക്ഷക്കണക്കിന് അടിച്ചമര്‍ത്തപ്പെട്ട ആളുകളെ മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ മെഹ്ദി താജ് പറഞ്ഞു.

ഇസ്രായേലിയും അവരുടെ പ്രതിനിധികളെയും എല്ലാ തലങ്ങളിലുമുള്ള ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തതിനു ശേഷമായിരുന്നു മെഹ്ദി താജ് പരിപാടി ബഹിഷ്‌കരിച്ചത്. ഇറാഖില്‍ നിന്നും ലെബനനില്‍ നിന്നുമുള്ള മറ്റ് പ്രതിനിധികളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതായി താജ് പറഞ്ഞു.

അതെ സമയം 2027 ലെ വനിതാ ലോകകപ്പിനുള്ള ആതിഥേയരായി ബ്രസീലിനെ ഫിഫ കോൺഗ്രസ്സ് തിരഞ്ഞെടുത്തു. ബെൽജിയം, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള സമർപ്പണത്തിനെതിരെ ബ്രസീലിയൻ ബിഡ് വിജയിച്ചു, ഫിഫ കോൺഗ്രസിൽ തുറന്ന വോട്ടോടെ ഹോസ്റ്റിംഗ് അവകാശം കൈമാറുന്ന ആദ്യത്തെ രാജ്യമായി. ബ്രസീൽ 119 വോട്ടുകൾ നേടിയപ്പോൾ ജർമ്മനി, നെതർലൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് 78 വോട്ടുകൾ ലഭിച്ചു. തെക്കേ അമേരിക്കയിൽ ആദ്യമായാണ് വനിതാ ലോകകപ്പ് നടക്കുന്നത്.