ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക

ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങൾ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അറിയിച്ചു.

ഇറാൻ ജനറൽ ഖസേം സൊലൈമാനിയുടെ ശവകുടീരത്തിനടുത്ത് ഇന്നലെ നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും, 170ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖാസിം സുലൈമാനിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സാഹേബ് അൽ സമാൻ പള്ളിയുടെ മുന്നിൽ ചേർന്ന ആയിരങ്ങളായിരുന്നു സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് ഒത്തുകൂടിയത്.

സുലൈമാനിയുടെ സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യസഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.നിരവധി മൃതദേഹങ്ങൾ റോഡുകളിൽ കിടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ തീവ്രത ആളുകൾക്ക് മനസിലായത്. അതേസമയം സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സ്യൂട്ട്കേസിൽ സ്ഥാപിച്ച ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹമാസ്​ നേതാവ്​ സാലിഹ്​ അൽ ആറൂറിയെ ബെയ്​റൂത്തിൽ വധിച്ചതിനു പിന്നാലെ ഇറാനിലെ ഇരട്ട സ്​ഫോടനം കൂടിയായതോടെ പശ്​ചിമേഷ്യ കൂടുതൽ സംഘർഷഭരിതം ആയിരിക്കുകയാണ്.