‘ലെബനൻ എഫക്ട്’; ദുബായിലും ഇറാനിലും വിമാനങ്ങളിൽ പേജറുകള്‍ക്കും വാക്കി ടോക്കികള്‍ക്കും നിരോധനം

ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലും ഇറാനിലും വിമാനങ്ങളിൽ പേജറുകള്‍ക്കും വാക്കി ടോക്കികള്‍ക്കും നിരോധനം. മൊബൈല്‍ ഫോണുകള്‍ ഒഴികെയുള്ള എല്ലാ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും വിമാനങ്ങളിലും കാര്‍ഗോകളിലും നിരോധിച്ചതായി ഇറാന്റെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ജാഫര്‍ യാസെര്‍ലോയെ ഉദ്ധരിച്ച് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ ദുബായ് കേന്ദ്രീകൃത എയര്‍ലൈനുകളില്‍ പേജര്‍ വാക്കി ടോക്കികള്‍ നിരോധിച്ചിരുന്നു.

എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ എല്ലാ വിമാനങ്ങളിലും പേജറുകൾക്കും വാക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തി. ചെക്ക്-ഇൻ, ക്യാബിൻ ബാഗേജുകൾക്ക് ഈ തീരുമാനം ബാധകമാണെന്നും ദുബായ് ആസ്ഥാനമായ എയർലൈൻ അധികൃതർ അറിയിച്ചു. ത്തർ എയർവേയ്‌സ് കഴിഞ്ഞ മാസം ദോഹയ്ക്കും ബെയ്‌റൂത്തിനുമിടയിലുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളിലും പേജറുകൾക്കും വാക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനെതിരെ ടെഹ്‌റാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒന്നിലധികം വിമാനക്കമ്പനികൾ ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.