പ്രളയ ദുരിതം; മഴയുടെ ഗതി മാറ്റാന്‍ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ

കനത്ത മഴയും,പ്രളയവും മൂലം വലഞ്ഞ ഇന്തോനേഷ്യ, മഴയുടെ ഗതിമാറ്റാന്‍ ക്ലൗഡ് സീഡിങ് നടത്തി. ഇന്നലെയാണ് ഇന്തോനേഷ്യ ക്ലൗഡ് സീഡിങ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ മഴയുടെ ഗതി മാറ്റുകയായിരുന്നുവെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രതികരിച്ചു. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന് രീതിയാണ് ക്ലൗഡ് സീഡിങ്. മഞ്ഞും മഴയും കുറച്ച് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഈ രീതി ഉപയോഗിച്ചു വരുന്നുണ്ട്.

സുമാത്ര ദ്വീപില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 67 പേര്‍ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു നടപടിയിലേക്ക് ഇന്തോനേഷ്യ കടന്നത് . കനത്ത മഴയില്‍ മരാപ്പി പര്‍വതത്തിന്റെ ചരിവുകളില്‍ ചെളിയും തണുത്ത ലാവയും ഒഴുകിയതിനെ തുടര്‍ന്ന് 27 പേരെ കാണാതായി. ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന അഗം ജില്ലയില്‍ നിന്നും മുന്ന് പേരെയും തനഹ് ദത്തറില്‍ 14 പേരെയും കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ മൂന്ന് ജില്ലകളിലായി 249 വീടുകള്‍, 225 ഹെക്ടര്‍ ഭൂമി, നെല്‍വയലുകള്‍, 19 പാലങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവയും തകര്‍ന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും സുമാത്രയില്‍ മഴ കനക്കും.