ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു, 700 പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 700 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിക്രര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. 2004 ല്‍ ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടായിരുന്നു.പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂരില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.

ഭൂകമ്പത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. തകർന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും തകർന്ന കാറുകളും ഇവയിൽ കാണാം. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്തോനേഷ്യൻ സർക്കാരിന്റെ ക്വിക്ക് റെസ്‌പോൺസ് ടീം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക് സാദ്ധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.