കുടിയേറ്റക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കാനഡ; ആശങ്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും

കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് (പിഇഐ) കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടുന്ന കുടിയേറ്റക്കാർ. കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യയായ പി ഇ ഐയിൽ ഇമിഗ്രേഷൻ പെർമിറ്റിൽ 25 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഇതനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. ഇന്ത്യയിൽ നിന്നുള്ള സിക്ക് വംശജരുടെ കാനഡയിലെ ജനസംഖ്യയിലെ വളർച്ച അടുത്ത കാലത്തായി വലിയ ചർച്ച ആയിരുന്നു. പുതിയ നയമാറ്റത്തിനെതിരെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

അതെ സമയം പി ഇ ഐ പോലെ ഒരു ചെറിയ പ്രദേശത്ത് ഉയർന്ന് വരുന്ന ജനസംഖ്യ ആ പ്രവിശ്യക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചെറിയ പ്രദേശമായതിനാൽ ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറയുകയും ഇത് മറ്റ് എല്ലാ മേഖലകളേയും ബാധിക്കുകയും ചെയ്യും. കൂടാതെ തൊഴിൽ സാധ്യതകളിലെ കുറവാണ് മറ്റൊരു പ്രശ്നം ആയി അധികൃതർ ചൂണ്ടി കാണിക്കുന്നത്. ഇത്തരം അവസ്ഥകൾ പ്രവിശ്യയിൽ മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നതിലേക്കും നയിക്കുമെന്നും അവർ ഭയക്കുന്നുണ്ട് എന്നാണു സൂചന.

“ആളുകൾ തിരിച്ചറിയാത്ത ഒരു കാര്യം, ഞങ്ങൾ ഈ കുടിയേറ്റക്കാർക്ക് എതിരല്ല. പക്ഷേ പിഇഐ നിറഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് സ്ഥലമില്ലാതെ ആയി. കുടിയേറ്റക്കാരെ ഒരിക്കലും കാനഡയിലേക്ക് തിരികെ കൊണ്ടുവരരുത് എന്ന് ഞാൻ പറയുന്നില്ല,” പിഇഐ നിവാസികൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

സ്റ്റുഡൻ്റ് വിസ വഴി കാനഡയിലെത്തുന്ന യുവാക്കളെയാണ് പ്രാഥമികമായി പുതിയ നയം ലക്ഷ്യം വെക്കുന്നത്. കാനഡയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനുമുള്ള എളുപ്പവഴിയായി വിദ്യാർത്ഥി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ആരോപണമുണ്ട്.