റഷ്യയില്‍ കുടുങ്ങിയ 12 ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗുജറാത്ത് സ്വദേശിക്ക് ദാരുണാന്ത്യം. റഷ്യൻ സൈന്യത്തിൽ സുരക്ഷാ സഹായിയായി ജോലി ചെയ്തിരുന്ന
ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ താമസിക്കുന്ന 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ ആണ് കൊല്ലപ്പെട്ടത്.

ഹെമില്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്. ഫെബ്രുവരി 20 നാണ് താൻ അവസാനമായി മകനുമായി സംസാരിച്ചതെന്നും എന്നാൽ മറ്റ് വിശദാംശങ്ങളൊന്നും നൽകാൻ വിസമ്മതിച്ചെന്നും ഹെമിലിന്റെ പിതാവ് അശ്വിൻഭായ് മംഗുകിയ ദി ഹിന്ദുവിനോട് പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കർണാടകയിലെ ഗുൽബർഗ നിവാസിയായ ഹെമിലിന്റെ സഹ സൈനികൻ സമീർ അഹമ്മദ് ദി ഹിന്ദുവിനോട് പറഞ്ഞതിപ്രകാരം ”ഞങ്ങൾക്ക് മുകളിൽ ഒരു ഡ്രോൺ പറക്കുന്നത് ഞങ്ങൾ കണ്ടു. ഞാൻ ഒരു കിടങ്ങ് കുഴിക്കുകയായിരുന്നു, 150 മീറ്റർ അകലെ ഹെമിൽ ഉന്നം പരിശീലിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങൾ എന്തോ ശബ്ദം കേട്ടു. ഞാനും മറ്റ് രണ്ട് ഇന്ത്യക്കാരും, റഷ്യൻ സൈനികരും കിടങ്ങിൽ ഒളിച്ചു. മിസൈലുകൾ പതിക്കുകയും ഭൂമി കുലുങ്ങുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ഞങ്ങൾ പുറത്തിറങ്ങിയപ്പോഴാണ് ഹെമിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ്റെ മൃതദേഹം ട്രക്കിൽ കയറ്റിയത് ഞാനാണ്,”

റഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊല്ലപ്പെട്ട ഹെമിലിനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം പിതാവ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചിരുന്നതായി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതെ സമയം റഷ്യ-യുക്രെയ്ൻ മുന്നണിക്ക് സമീപം കുടുങ്ങിയ ഇന്ത്യൻ യുവാക്കളെ രക്ഷിക്കണമെന്ന് ഒവൈസി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം ഇന്ത്യക്കാരെ സുരക്ഷാ സഹായികളായി റഷ്യൻ സൈന്യം നിയമിച്ചതായും നിയമിച്ച മൂന്ന് ഇന്ത്യക്കാരെങ്കിലും റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സേനയ്‌ക്കൊപ്പം പോരാടാൻ നിർബന്ധിതരായെന്നും ഹിന്ദു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റഷ്യന്‍ അധികാരികളെ സമീപിച്ചിരുന്നു. 12 ഇന്ത്യക്കാര്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ വാഗ്‌നര്‍സേനയില്‍ ചേര്‍ന്ന് അധിനിവേശ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.