അറബിക്കടലില്‍ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പല്‍ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

അറബിക്കടലിൽ സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പല്‍ റാഞ്ചിയവരെ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന.
പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് സൊമാലിയ തീരത്തിന് അടുത്ത് വെച്ച് ആയുധധാരികളായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. യുകെഎംടിഒ പോര്‍ട്ടിലേയ്ക്കാണ് ഇത് സംബന്ധിച്ച് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു. തട്ടിയെടുത്ത കപ്പലിന് സഹായത്തിനായി ഐഎന്‍എസ് ചെന്നൈയും വിമാനങ്ങളും ഇന്ത്യന്‍ നാവിക സേന വിന്യസിച്ചിരുന്നു.

നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയാണ് ദൃത്യത്തിൽ പങ്കാളിയായത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ കപ്പലിനുളളിൽ കടന്നാണ് ദൌത്യം പൂർത്തിയാക്കിയത്. നാവികസേനയുടെ മാർകോസ് കമാൻഡോകളാണ് ഓപ്പറേഷന് പങ്കാളിയായത്. അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്നാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ തുടരുന്നത്. അറബികടലിലും ചെങ്കടലിലും നേരത്തെ ഡ്രോൺ ഉപയോഗിച്ച് കപ്പലുകൾ തകർക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനു ശേഷം നാല് യുദ്ധകപ്പൽ ഈ മേഖലയിൽ വിന്യസിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെയാണ് ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം നടന്നിരിക്കുന്നത്.