75 ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി സിറിയയിൽ നിന്ന് പുറത്തെത്തിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. ജമ്മു കാശ്മീരിലെ തീര്‍ത്ഥാടകരെ ഉള്‍പ്പടെ 75 പൗരന്മാരെയാണ് ഇന്ത്യ സിറിയയില്‍ നിന്ന് മോചിപ്പിച്ചത്. വിമതർ അധികാരം പിടിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഡമാസ്കസിലേയും ബെയ്റൂത്തിലേയും ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെ ഇന്ത്യ ഗവണ്മെന്റിന്റെ രക്ഷാദൗത്യം. നിലവില്‍ സിറിയയിലെ രാഷ്ട്രീയ സാഹചര്യവും സുരക്ഷയും ഇന്ത്യ നിരീക്ഷിക്കുകയാണ്. സുരക്ഷിതമായി ലെബനന്‍ അതിര്‍ത്തി മറികടക്കാനാകുമെന്നും ഇന്ത്യയിലേക്ക് പോകുന്ന വാണിജ്യവിമാനങ്ങളില്‍ പൗരന്മാരെ അയക്കാനും സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തിരുന്നു. ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറി ഭരണം പിടിച്ചെടുത്തത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.