ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി കരാറൊപ്പിട്ടു, 1000 കോടിയുടെ നിക്ഷേപം

ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും ചബഹാർ തുറമുഖവും മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും ചേർന്നാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്.

എൻഡിടിവി ഓൺലൈൻ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് ചബഹാർ പോർട്ടിൻ്റെ വികസനത്തിനായി ആകെ 120 ദശലക്ഷം ഡോളർ, അതായത് ഏകദേശം 1000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കണക്കുകൾ. പത്തുവർഷത്തേക്കാണ് കരാർ. അഫ്ഗാനിസ്താനുമായും വിശാലമായ മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള കവാടമായി ചബഹാർ മാറുമെന്നാണ് പ്രതീക്ഷ. ചബഹാർ തുറമുഖത്തുനിന്ന് 72 കിലോമീറ്റർ അകലെയാണ് ഗ്വാദർ തുറമുഖം. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ കോമൺവെൽത്ത് രാജ്യങ്ങൾക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്രസ്ഥലത്താണ് ചബഹാർ തുറമുഖം.

1970 കളിൽ നിലവിൽവന്ന ചബഹർ തുറമുഖത്തിന്റെ പ്രാധാന്യം 1980 കളിലെ ഇറാഖുമായുള്ള യുദ്ധസമയത്താണ് ഇറാൻ തിരിച്ചറിയുന്നത്. 2002-ൽ, അന്നത്തെ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ഖതാമിയുടെ കീഴിൽ ഇറാൻ്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹസൻ റൂഹാനിയാണ് ആദ്യമായി ഇന്ത്യയുമായി തുറമുഖം സംബന്ധിച്ച ചർച്ച നടത്തുന്നത്.2003 ജനുവരിയിൽ ഇറാൻ രാഷ്ട്രപതി മുഹമ്മദ് ഖതാമിയും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുമാണ് തന്ത്രപരമായ സഹകരണത്തിന് ആദ്യം നേതൃത്വം നൽകുന്നത്. പിന്നീട് 2016 – ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിൽ ആണ് കരാർ പൂർത്തിയാക്കിയത്.