നിലപാട് കടുപ്പിച്ച് ഇന്ത്യ; പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണർ ഇന്ത്യയെ ഔദ്യോ​ഗികമായി അറിയിച്ചു. മിനിറ്റുകൾക്കകം മാലദ്വീപ് ഹൈക്കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മടങ്ങി.

കഴിഞ്ഞ ദിവസമാണ് പ്രദാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം വിവാദമായതിനു പിന്നാലെ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. മാലദ്വീപിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്

ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.

അതേ സമയം മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. “വിദേശ നേതാക്കള്‍ക്കും, ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്.” മാലദ്വീപിലെ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.