കസാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

കസാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. എത്രയും വേഗം രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്‍ദാം ബാഗ്ചി പറഞ്ഞു. രാജ്യത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റ് പ്രൊഫഷണലുകളും ജാഗ്രത പുലര്‍ത്തുകയും എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

കസാക്കിസ്ഥാനിലെ സ്ഥിതിവിശേഷങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ ബന്ധുക്കളുടെ ദുഖത്തില്‍ ഇന്ത്യ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വളരെ അടുത്ത സുഹൃദ് രാജ്യമാണ് കസാക്കിസ്ഥാന്‍. രാജ്യത്തെ സംഘര്‍ഷാവസ്ഥ എത്രയും വേഗം ശാന്തമാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും ബാഗ്ചി പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ഭരണത്തലവന്മാരെയാണ് ഇക്കുറി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. 26,27 ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തുമെന്ന് കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടൊകയേവും സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കസാക്കിസ്ഥാനില്‍ 7800 ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 5300 പേര്‍ വിദ്യാര്‍ത്ഥികളും 2280 പേര്‍ നിര്‍മ്മാണ തൊഴിലാളികളും ബാക്കിയുള്ളവര്‍ മറ്റ് പ്രൊഫഷണല്‍ ജോലിക്കാരുമാണ്.

കസാക്കിസ്ഥാനിൽ ഇന്ധന വില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് 8000 പേരെ അറസ്റ്റിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അശാന്തിക്ക് കാരണമായ കലാപത്തിൽ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ സ്മരണയിൽ രാജ്യം ദു:ഖാചരണം ഏർപ്പെടുത്തി. ജനുവരി 10 വരെ രാജ്യത്ത് 7939 പേരെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. സുരക്ഷാസേനയുടെ നിരവധി ശാഖകളിലും കലാപകാരികളെ തടങ്കലിൽ വെച്ചിട്ടുണ്ട്. രാജ്യം പൂർണമായും സുരക്ഷാ സൈനികരുടെ സേവനങ്ങൾക്ക് കീഴിലാണെന്ന് ദേശീയ സുരക്ഷാ സമിതി പ്രസ്താവനയിൽ പറഞ്ഞു.