ഇസ്രായേൽ, ഇറാൻ; യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണം.

യുഎസും, റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരന്മാർക്കും സമാനമായ യാത്രാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതെ സമയം ഇസ്രയേൽ ഹമാസ് സംഘർഷം ആറു മാസമായി തുടരുന്നതിനിടെ ഇറാൻ ഇസ്രയേലിനെതിരെ രംഗത്ത് വരുന്നത്. സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായുള്ള പിരിമുറുക്കം കുറയ്ക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരോട് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ട്.