‘റഷ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ തിരിച്ചടി ആണവായുധം ഉപയോഗിച്ച്’; മുന്നറിയിപ്പ് നൽകി പുടിൻ

ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യയിൽ ഏതെങ്കിലും രാജ്യത്തിൽ നിന്ന് വൻതോതിലുള്ള വ്യോമാക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തോട് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പുടിൻ്റെ ഭീഷണി.

രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നായിരുന്നു പുടിന്റെ പരാമർശം. അതേസമയം ‘ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് അല്ലാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ല. ഈ ഭീഷണി വിലപ്പോകില്ല’- എന്നായിരുന്നു യുക്രയ്ന്റെ പ്രതികരണം. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യയ്ക്കുള്ളിലെ ദീർഘദൂര പ്രദേശങ്ങളെ ലക്ഷ്യമിടാൻ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിർമ്മിത അറ്റാക്ംസ് മിസൈലുകളും ഉപയോഗിക്കാൻ മാസങ്ങളായി അനുമതി തേടുകയാണ്.

റഷ്യയെ ആക്രമിക്കാൻ ‘സ്റ്റോം ഷാഡോ’ ക്രൂയിസ് മിസൈൽ ഉപയോഗിക്കുന്നതിന് യുകെ കഴിഞ്ഞയാഴ്ച അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷ്യൻ മണ്ണിൽ യുക്രെയ്ൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.