അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്. ഐസനോവറിനു നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം. ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഡ്രോണുകളും, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്. കപ്പലിന് നാശനഷ്ടമോ ആളുകൾക്കോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നാവിക സേന പറയുന്നു. അതെ സമയം തിരിച്ചടിച്ച യു.എസ്, യു.കെ സഖ്യസേന യുദ്ധക്കപ്പലുകൾ 18 ഡ്രോണുകളും മൂന്ന് മിസൈലുകളും ആകാശത്തുവെച്ചു തന്നെ തകർത്തതായി അവകാശപ്പെട്ടു. യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങളും യു.കെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും ചേർന്നാണ് മിസൈലുകളും ഡ്രോണുകളും തകർത്തതെന്ന് യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ഹൂതികൾ പുതിയ യുദ്ധമുഖം തുറക്കരുതെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗിഡോ ക്രൊസറ്റോയും ആവശ്യപ്പെട്ടു. ഇസ്രയേലിന് സഹായവുമായി പോയ യുഎസ് കപ്പലാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം.
ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പാലസ്‌തീന് ഐക്യദാർഢ്യവുമായി ഹൂതികൾ രംഗത്ത് വന്നിരുന്നു. സുപ്രധാനമായ പടിഞ്ഞാറൻ തീരം ഉൾപ്പെടെ യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ചെങ്കടല്‍ സേനയില്‍ അണിചേരാന്‍ സഖ്യരാഷ്ട്രങ്ങള്‍ തന്നെ വിയോജിച്ചതോടെ ചെങ്കടലിൽ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ചെങ്കടലിൽ ഹൂതികൾ ഉപരോധം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാവുകയാണ്.