ഹൂതികൾ ആക്രമണം കടുപ്പിക്കുന്നു; ചെങ്കടലിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതമാണ്. ഗ്രീസിന്‍റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോൺഫിഡൻസ്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. തീപിടിച്ച കപ്പലിൽ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടി സർവീസ് നടത്തുകയായിരുന്നു കപ്പൽ. അതിനിടയിലാണ് ആക്രമണം ഉണ്ടാവുന്നത്. ഹൂതി ആക്രമണത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിലാണെന്നും മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണങ്ങൾ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും നാവികരുടെ ജീവനെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. ഒരു ഇന്ത്യക്കാരനും നാല് വിയറ്റ്നാം പൗരൻമാരും 15 ഫിലിപ്പീൻ പൗരന്മാരും അടങ്ങുന്ന 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

അതെ സമയം ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന്‍ സൈന്യങ്ങളുടെ നേതൃത്വത്തില്‍ കനത്ത ആക്രമണമുണ്ടായിരുന്നു. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ആഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ ആക്രമണം.