ആർട്ടിക്കിൾ 23 പാസാക്കി ഹോങ്കോംഗ്; പ്രതിഷേധം ശക്തം, പൗരാവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിമർശനം

ചൈനയിലെ വിവാദ ദേശീയ സുരക്ഷാ നിയമത്തിന് സമാനമായ ആർട്ടിക്കിൾ 23 പാസാക്കി ഹോങ്കോംഗ്. ചൈനീസ് ഭരണത്തിൻ കീഴിൽ ഹോങ്കോങ്ങിന് ഉയർന്ന സ്വയംഭരണാവകാശം ഉറപ്പുനൽകുന്ന ഭരണഘടനാ രേഖയില്‍ ദേശീയതക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുമുള്ള ഏറ്റവും പുതിയ ശ്രമമെന്ന പേരില്‍ ഒരുങ്ങുന്ന 212 പേജുള്ള പുതിയ ആഭ്യന്തര ദേശീയ സുരക്ഷാ നിയമം – അടിസ്ഥാന നിയമത്തിൻ്റെ ആർട്ടിക്കിൾ 23 എന്ന പേരിൽ അറിയപ്പെടുന്നു. വിഘടന വാദം അട്ടിമറി, തീവ്രവാദം, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണെന്ന് ആർട്ടിക്കിൾ 23 വ്യക്തമാക്കുന്നു.

അതെ സമയം പുതിയ നിയമം പൗരാവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിമർശനം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് തടവ് ശിക്ഷ വരെ ലഭിക്കാവുന്ന പുതിയ നിയമത്തിൽ പ്രതിഷേധം ആവര്‍ത്തിച്ച് ഹോങ്കോംഗ് രൂപത രംഗത്തെത്തി. ഹോങ്കോംഗ് രൂപതയുടെ കണക്കുകൾ പ്രകാരം, 7.5 ദശലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിലെ കത്തോലിക്കാ ജനസംഖ്യ 392,000 ആണ്. നിയമങ്ങളെ ബഹുമാനിക്കുമെന്നും എന്നാൽ കുമ്പസാര രഹസ്യം ഒരു കാരണവശാലും പുറത്തുവിടില്ലായെന്നും രൂപത വ്യക്തമാക്കി. വൈദികരെയും സാമൂഹിക പ്രവർത്തകരെയും പോലുള്ള ആളുകൾക്ക് മേല്‍ നിയമം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലായെന്ന് ജസ്റ്റിസ് സെക്രട്ടറി പോൾ ലാം ടിംഗ്-ക്വോക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ നിയമം സ്ഥിരതയ്ക്ക് ആവശ്യമെന്ന് അധികൃതർ പറയുന്നു. 26 വർഷത്തിലേറെയായി ഹോങ്കോങ്ങിലെ ജനങ്ങൾ കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തമെന്നാണ് ഹോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് ജോൺ ലീ വിശേഷിപ്പിച്ചത്. പുതിയ നിയമനിര്‍മ്മാണം അതിവേഗം നടപ്പാക്കുന്നത് ‘പ്രധാന ദേശീയ താല്‍പ്പര്യങ്ങള്‍’ സംരക്ഷിക്കുമെന്നും സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹോങ്കോങ്ങിനെ അനുവദിക്കുമെന്നും ചൈനയുടെ ഉപപ്രധാനമന്ത്രി ഡിംഗ് സ്യൂക്‌സിയാങ് നേരത്തെ പറഞ്ഞിരുന്നു.