മോസ്കോയിൽ സ്ഫോടനം:റഷ്യൻ ആണവ സേനയുടെ തലവൻ കൊല്ലപ്പെട്ടു

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം. റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇ​ഗോർ കിറില്ലോവും മറ്റൊരു ഉദ്യോ​ഗസ്ഥനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ന്യൂക്ലിയാർ- ബയോളജിക്കൽ- കെമിക്കൽ (NBC) ഡിഫൻസിന്റെ തലവനാണ് കൊല്ലപ്പെട്ട ഇ​ഗോർ കിറില്ലോവ്.

റഷ്യൻ ടെലിഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫുകളിൽ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു കെട്ടിടത്തിന്റെ തകർന്ന പ്രവേശന കവാടവും രക്തം പുരണ്ട മഞ്ഞിൽ കിടക്കുന്ന രണ്ട് മൃതദേഹങ്ങളും കാണിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.

2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷൻ, രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.