തീവ്രവാദ കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക് യുകെയിൽ വിലക്ക്

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദ ഇസ്ലാമിക് കാഴ്ചപ്പാടുകളുള്ള വിദ്വേഷപ്രാസംഗികർക്ക് യുകെയിൽ വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി ദി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള ദേശീയ സുരക്ഷാ നിയമങ്ങൾ ഉപയോഗിച്ച് “പൊതുജനനന്മയ്ക്ക് അനുയോജ്യമല്ലാത്തവർ” യുകെയിൽ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഊര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യുകെയിലെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ ആശങ്കാകുലരാണെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു.

ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരെ അക്രമം അല്ലെങ്കിൽ ഭീഷണിപ്പെടുത്തുകയോ വംശീയത പ്രസംഗിക്കുകയോ ചെയ്ത ചരിത്രമുള്ളവരെ കരിമ്പട്ടികയിൽ പെടുത്തി അവർ യു കെയിൽ പ്രവേശിക്കുന്നത് തടയും. രാജ്യത്തിന്റെ ജനാധിപത്യ, ബഹുവിശ്വാസ മൂല്യങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സുനക് ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗത്തിൽ തീവ്രവാദികൾ യുകെയുടെ ജനാധിപത്യ, ബഹുവിശ്വാസ മൂല്യങ്ങൾക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിൻറെ മൂല്യങ്ങളെയും, സമാധാന ജീവിതത്തെയും അലോസരമാക്കാൻ ലക്ഷ്യമിട്ടുള്ള ആളുകൾ ഈ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുനക് പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന പ്രകടനക്കാരോട് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പാക്കാണമെന്നും ഋഷി സുനക് അഭ്യര്‍ഥിച്ചു. ‘‘വിഭജന ശക്തികളെ ചെറുക്കാനും ഈ വിഷത്തെ അടിച്ചമര്‍ത്താനും എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നും,’’ അദ്ദേഹം പറഞ്ഞു. പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനായി ശനിയാഴ്ച ആയിരക്കണക്കിന് ആളുകളാണ് ലണ്ടന്‍ തെരുവിൽ ഇറങ്ങിയത്. ക്രമസമാധാനം ലംഘിച്ചതിന് 12 പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.