ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാകത്തിൽ അറസ്റ്റിലായവരെ കുറിച്ച് വ്യക്തത വരേണ്ടതുണ്ട്; മന്ത്രി എസ് ജയശങ്കര്‍

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കാനഡയില്‍ വെച്ച് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതക്കായും കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയന്‍ പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവായ നിജ്ജാർ 2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്.കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം കനേഡിയന്‍ മൗണ്ടഡ് പൊലീസ് മൂന്ന് ഇന്ത്യന്‍ വംശജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് എതെങ്കിലും തരത്തില്‍ ഇന്ത്യ ഗവണ്‍മെന്റുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്നായിരുന്നു കാനഡയുടെ ആദ്യഘട്ടത്തിലേയുള്ള നിലപാട്. എന്നാല്‍, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

അതേസമയം ഖലിസ്ഥാൻ പ്രസ്ഥാനങ്ങൾക്ക്‌ കാനഡയിൽ ലഭിക്കുന്ന പിന്തുണയെ വിദേശകാര്യമന്ത്രി രൂക്ഷമായി വിമർശിച്ചു. നിജ്ജർ കൊലപാതകത്തിൽ അന്വേഷണം അറസ്റ്റിലായ മൂന്നുപേരിൽ ഒതുങ്ങില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചു.