പെരുന്നാൾ ദിനത്തിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം; ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസയിൽ സമാധാന ചർച്ചകൾക്ക് വെല്ലുവിളിയായി പെരുന്നാൾ ദിനത്തിലും ഇസ്രായേൽ ആക്രമണം. ലോകം ചെറിയ പെരുന്നാള്‍ ആഘോഷിച്ച ബുധനാഴ്ചയും ഗാസയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ഡ്രോണ്‍ കാറില്‍ പതിച്ചാണ് ഹനിയെയുടെ മക്കളും പേരക്കുട്ടികളും മരിച്ചതെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തു.

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവതാളത്തിലായേക്കും. അല്‍ ജസീറ ചാനലിനോട് മരണവിവരം പങ്കിട്ട ഹനിയെ, ”ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെയാളുകളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസ”മെന്നു പറഞ്ഞു. സമാധാനചര്‍ച്ചകളെയും ബന്ദിമോചനത്തെയും ഇതു ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

അമേരിക്കൻ രഹാസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടെയായരുന്നു ആക്രമണം. എന്നാൽ പുതിയ സാഹചര്യത്തിൽ സമാധാന കരാറിന് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം മാറില്ലെന്ന് ഇസ്മായിൽ ഹനിയ പറഞ്ഞു.