ലെബനാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി

ഇസ്രായേല്‍- ഹിസ്ബുല്ല സംഘര്‍ഷം ശക്തമായ ലബനാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി. ലബനാന്‍ ജനതയ്ക്കുള്ള ജിസിസിയുടെ അചഞ്ചലമായ പിന്തുണയും ലെബനന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ലെബനീസ്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സൈനിക നീക്കം ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും സ്വയം സംയമനം പാലിക്കാനും പ്രാദേശിക സംഘര്‍ഷങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും മേഖലയില്‍ അക്രമം വ്യാപിക്കുന്നത് തടയാനും അല്‍ബുദൈവി ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701 പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി മന്ത്രിതല പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന നിലപാട് അല്‍ബുദൈവി ആവര്‍ത്തിച്ചു. ലബനാന്റെ അതിര്‍ത്തികളോടുള്ള ഇസ്രയേലിന്റെ ബഹുമാനവും ലെബനന്‍ സര്‍ക്കാരിന്റെ അധികാരം അതിന്റെ മുഴുവന്‍ പ്രദേശത്തുടനീളവും വിപുലീകരിക്കണമെന്നും ഈ പ്രമേയം ആവശ്യപ്പെടുന്നു. അതെ സമയം ലെബനനിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ലെബനനിൽ നടക്കുന്ന സംഭവങ്ങളിൽ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

പശ്ചിമേഷ്യന്‍ മേഖലയെ സംഘര്‍ഷ ഭീതിയുടെ കയങ്ങളിലേക്ക് തള്ളിവിട്ട് ലെബനനില്‍ കരയാക്രമണവുമായി ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കരസൈനിക നീക്കം നടത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ചൊവാഴ്ച പുലര്‍ച്ചയോടെ സൈനിക നീക്കം ആരംഭിച്ചത്. തെക്കന്‍ ലെബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിന് നേരെയുള്‍പ്പെടെ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.