സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്. പുതിയ കാലത്ത് അസമത്വം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു.പ്രതിപക്ഷവും തീരുമാനത്തെ അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ചരിത്രപരമായ മാറ്റത്തിലേക്ക് ഗ്രീസ് ചുവടു വെച്ചത്.എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ ഗ്രീസ് പാർലമെന്റ് പാസാക്കിയത്. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ഇതോടെ ലഭിക്കും. ലോകത്ത്‌ സ്വവർഗ വിവാഹം നിയമവിധേയം ആക്കുന്ന മുപ്പത്തിയേഴാമത് രാജ്യമാവുകയാണ് ഗ്രീസ്.

രാജ്യത്തെ ഏറ്റവും ശക്തമായിട്ടുള്ള ഓര്‍ത്തഡോക്സ് പള്ളിയുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഗ്രീസില്‍ പാര്‍ലമെന്‍റില്‍ സ്വവര്‍ഗ വിവാഹത്തിനും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും നിയമവിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍ജിബിടിക്യൂ സമുദായങ്ങള്‍ ആകെയും തീരുമാനത്തെ ആഹ്ളാദപൂര്‍വം വരവേല്‍ക്കുകയാണ്. അതെ സമയം ബില്ല് പാസാക്കിയതോടെ ഏതൻസിലും തലസ്ഥാനത്തും യാഥാസ്ഥിക വിഭാഗക്കാരും സഭാ അനുകൂലികളും ബൈബിൾ വായിച്ചും നിയമ നിർമ്മാണത്തിന് കൂട്ട്നിന്ന പാർലമെന്റ് അംഗങ്ങളെ സാമൂഹ്യവിരുദ്ധരെന്ന് മുദ്രകുത്തിയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.